മാഷിന്

                                                                          മാഷിന് 


ശാരദ ടീച്ചർ ഇന്ന് പതിവിലും നേരത്തേ ഉണർന്നെന്കിലും കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ അവർക്ക് ഒട്ടും മനസുണ്ടായിരുന്നില്ല. കണ്ണുകൾ ഇറുക്കിയടച്ച് പാതി കണ്ട സ്വപ്നത്തിൻ്റെ ബാക്കി കാണാനുള്ള കഠിനശ്രമത്തിലാണ് ടീച്ചർ. സ്വപ്നത്തിൽ നിന്നും സ്വപ്നങ്ങളിലേക്ക് തുഴയുന്നത് അവരുടെ മനസ്സ് നിറക്കുന്ന പ്രക്രിയ ആയിരുന്നു. യാഥാർഥ്യത്തിൻ്റെ മണ്ഡലത്തിൽ നിന്നും സ്വയം ഒളിച്ചു കഴിയുന്ന ഒരു വലിയ കണ്ണുകെട്ടിക്കളി തന്നെയായിരുന്നു അത്.


മാഷെന്ന യാഥാർഥ്യം തന്നെ വിട്ടു പിരിഞ്ഞതിൻ്റെ ആണ്ടുതികയൽ ആണിന്ന്. ആ കറുത്ത ദിവസത്തെ കുറിച്ച് ഓർമ്മിപ്പിക്കുന്ന ഒന്നും തന്നെ തളർത്താതിരിക്കാൻ വേണ്ടി ഒരുപാട് മുൻകരുതലുകൾ അവർ എടുത്തിരുന്നു. മക്കളോടോ സ്നേഹിതരോടോ വിളിച്ച് അനുശോചനം അറിയിക്കാതിരിക്കാൻ രാത്രി തന്നെ അവർ ടെലിഫോൺ കണക്ഷൻ വലിച്ചിട്ടിരുന്നു. താൻ പൂച്ചകളെക്കാൾ വെറുത്തിരുന്ന മൊബൈൽ ഫോണിനെയും ചാർജ് ചെയ്യാതെ വച്ചു. മാഷ് തന്നെ ഏല്പിച്ചിട്ടു പോയ ഒന്നും തന്നെ തനിക്ക് ചെയ്യാൻ കഴിഞ്ഞില്ലെന്ന വിഷമം കൊണ്ട് തന്നെയാവാം...


ആണ്ട് തികഞ്ഞു ബലിയിടാൻ പോലും മക്കളോടാരും വരേണ്ടെന്ന് ന്ഷ്കർഷിച്ചു. അല്ലേലും ആ തിരക്കേറിയ നഗരവാസികൾക്ക് അതിനൊക്കെ നേരം കാണുമായിരിക്കില്ല എന്നാലോചിക്കാനാണ് ശാരദ ടീച്ചർക്ക് ഇഷ്ടം.


സ്കൂളിലോ കോളേജിലോ പഠിപ്പിക്കാത്ത ശാരദ എങ്ങനെ ശാരദ ടീച്ചർ ആയി? ഉത്തരം വളരെ സിമ്പിൾ. ഉണ്ണികൃഷ്ണൻ മാഷിൻ്റെ ഭാര്യ ശാരദ ടീച്ചർ. അങ്ങനെ നാട്ടുകാർ വിളിച്ചു തുടങ്ങി. പിന്നീട് മാഷിൻ്റെ അന്ത്യകാലത്ത് ശുശ്രൂഷിക്കാൻ കൂടെ ഇരിക്കുമ്പോൾ, മാഷ് വേദന കൊണ്ട് പുളയുമ്പോൾ ടീച്ചർ എന്ന് വിളിച്ചാ മാഷ് കരഞ്ഞിരുന്നേ. പാവം എന്തൊക്കെയോ പറയാൻ ബാക്കിവച്ച പോലെയായിരുന്നു മാഷിൻ്റെ യാത്ര. അതിനൊരു പൂർണ്ണത ഉണ്ടായില്ല. അതുകൊണ്ട് തന്നെയാവാം ടീച്ചർ ആ വേർപാടിൽ നിന്നും ഇനിയും കരകയറാത്തത്.


അദ്ദേഹത്തിൻ്റെ രോഗാവസ്ഥ ഒരു സൂചന കൊടുത്തെങ്കിലും ശാന്തമായിരുന്നു ആ യാത്ര. ശാന്തത എന്ന പദം ശരിയല്ല. ശാന്തതയിൽ ഒരു പൂർണതയുണ്ട്. അപൂർണ്ണമായിരുന്നു ആ വേർപാട്. തൊട്ടടുത്ത് കിടക്കുന്ന ടീച്ചറോട് ഒരു യാത്ര പോലും പറയാതെ മാഷ് ഇഹലോക വാസം വെടിഞ്ഞിട്ട് ഇന്നേക്ക് 365 ദിവസം.


വലിച്ചാലടയുന്ന കർട്ടൻ പോലെ മാഷിൻ്റെ ഓർമകളിൽ നിന്നും ടീച്ചർ എഴുന്നേറ്റു കർട്ടൻ വലിച്ചു തുറന്നു. വാതിലും ഗേറ്റും തുറന്നു പത്രം അകത്തെ വരാന്തയിലും കൊണ്ട് വച്ചു. ഇന്ന് പതിവുകൾ എല്ലാം തെറ്റി. രാവിലത്തെ കോഫി, കുളി,ലളിതാസഹസ്രനാമം,ഭാഗവതം, ഭഗവത് ഗീത എന്നിങ്ങനെ പണ്ടൊരിക്കലും താൻ വായിക്കാതിരുന്ന പുസ്തക ശീലങ്ങൾ ഈ ഒരു കൊല്ലം കൊണ്ട് തുടങ്ങിയിരിക്കുന്നു. സഖാവ് ഉണ്ണികൃഷ്ണൻ മാഷ് അറിയണ്ട. മുമ്പൊരിക്കലും ഒരമ്പലദർശനമോ പാരായണമോ ടീച്ചർക്ക് ശീലമുണ്ടായിരുന്നില്ല. മാഷും മാഷുമായി ബന്ധപ്പെട്ട ഒന്നും തന്നെ തനിക്ക് കാണുകയോ അനുഭവിക്കുകയോ വേണ്ടെന്ന് ശപഥം എടുത്തതാണ് ടീച്ചർ. എന്തിന്,പൂവിട്ട് LED ലൈറ്റ് കത്തിക്കാൻ മാഷിൻ്റെ ഒരു ഫോട്ടോ പോലും വെക്കാൻ ടീച്ചർ സമ്മതിച്ചില്ല. മുറ്റമടിക്കുന്ന കുഞ്ചിയെ നോക്കി


ചിരിച്ചുകൊണ്ട് ടീച്ചർ ഉമ്മറപ്പടിയിൽ ഇരുന്ന് പേപ്പർ വായിച്ചു തുടങ്ങി. പെട്ടെന്ന് എന്തോ കണ്ട പേടിച്ച പോലെ ടീച്ചർ പേപ്പർ നിലത്തിട്ടു. ശ്വാസം വിടാൻ വിഷമം ഉള്ളതുപോലെ അവർ അവിടെ സ്തംഭിച്ചുനിന്നു. പിന്നെ രണ്ടും കല്പിച്ചമട്ടിൽ ബെഡ് റൂമിലേക്ക് പാഞ്ഞു. താനേറെ വെറുക്കുന്ന മൊബൈൽ ഫോൺ സ്വിച്ച് ഓൺ ചെയ്ത് അവസാനം വിളിച്ച നമ്പർ ആയ മാളൂനെ വിളിച്ചു. 


മാളു ഫോൺ  എടുത്തു: "ആ അമ്മ പറയൂ..."


"മാളൂട്ടി നിന്നോടും അപ്പൂനോടും ഞാൻ നാഴിക്ക് നാല്പതുവട്ടം പറഞ്ഞതല്ലേ മാഷിൻ്റെ ഫോട്ടോ പേപ്പറിൽ കൊടുക്കേണ്ടെന്ന്. എന്നോടെന്തിനാണ് നിങ്ങളിങ്ങനെ മത്സരിക്കുന്നത്? എന്നെ ഒന്ന് മനസ്സമാധാനമായി ജീവിക്കാൻ അനുവധിച്ചൂടെ?


മാളു അവിടുന്ന് "അമ്മ relax... wait, ഞങ്ങൾ പത്രത്തിലൊന്നും കൊടുത്തിട്ടില്ല."


ടീച്ചറുടെ മുഖം പാരവശ്യം കൊണ്ട് നിറഞ്ഞു. ഉള്ളിൽ വിങ്ങുന്ന വേദനയുടെ തീക്ഷണത ആ മുഖത്ത് കാണാമായിരുന്നു. 

"പിന്നെ ആരാണ്...? ശരി ഇനി ആരാണ് കൊടുത്തത് എന്ന് അറിഞ്ഞിട്ടു തന്നെ കാര്യം... ഞാൻ പാത്രത്തിൽ വിളിച്ചു ചോദിക്കാ..."


മാളു: "അമ്മ ഇങ്ങനെ hyper..."


മാളു മുഴുമിക്കുന്നതിന് മുമ്പ് തന്നെ അവർ ഫോൺ കട്ട് ചെയ്തിരുന്നു. തൻ്റെ ഒരു ഉറ്റ സുഹൃത്തിൻ്റെ മകൻ ഈ പത്രത്തിൽ ജോലി ചെയ്യുന്നുണ്ടെന്ന് അപ്പോഴാണ് ഓർമ്മ വന്നത്. അല്ലെങ്കിൽ വേണ്ട ഇനി വിശേഷങ്ങൾ പങ്കിടാനുള്ള ഒരു മാനസിക അവസ്ഥയിലല്ല താൻ എന്ന് ഉറപ്പ് വരുത്തി ഫോൺ എടുത്ത് വിളിച്ചു. പത്ര ഓഫീസിൽ വിളിച്ചപ്പോൾ നാലാമത്തെ ശ്രമത്തിൽ കണക്ട് ആയി.


"അതെ പറയൂ... ഇന്നത്തെ വാർത്തക്ക് വല്ല തെറ്റുണ്ടോ..."


"വാക്കുകൾ കൂട്ടി അക്ഷരം പഠിപ്പിച്ച

ജീവിതത്തിൻ്റെ അനർത്ഥങ്ങൾ പഠിപ്പിച്ച 

എൻ്റെ മാഷിൻ്റെ ഓർമദിനത്തിൽ 


അനുഗ്രഹീത ഗുരുശ്രേഷ്ഠൻ്റെ 

ഓർമ്മക്കു മുന്നിൽ ഒരുപിടി

അശ്രുപുഷ്പങ്ങൾ അർപ്പിക്കുന്നു."


ടീച്ചർ കണ്ണ് തുറന്നപ്പോൾ അശ്രുപുഷ്പങ്ങൾ വീണത് തൻ്റെ കണ്മുന്നിൽ എന്നപോലെ തോന്നി.


"ഈ വാർത്ത ഇത് കൊടുത്തത് ആരാണെന്ന് പറഞ്ഞു തരാമോ?..."

"ഓഹോ അപ്പൊ തെറ്റ് തിരുത്താൻ അല്ലായിരുന്നല്ലേ? ഹാവു സമാധാനം... ഇനി മനുഷ്യനെ എന്താണാവോ  മെനക്കെടുത്താൻ ആവശ്യം?"


പതിഞ്ഞ സ്വരത്തിൽ ടീച്ചർ അപേക്ഷിച്ചു.


"നിർമൽ നായർ

നം.: 9654321924"


തൻ്റെ സ്വീകരണമുറിയിൽ നിന്ന് സോഫയിൽ ചമ്രം പടിഞ്ഞിരിക്കുന്ന നിർമൽ ഈ പേപ്പർ കട്ടിങ്ങ് memories of IOB എന്ന whatsapp ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്ത് കഴിഞ്ഞപ്പോഴേക്കും ഒരു unknown കാൾ വന്നു... 


"ഹലോ നിർമൽ അല്ലെ?"


"അതെ പറയൂ.."


"ഞാൻ ടീച്ചർ ആണ്. ഉണ്ണികൃഷ്ണൻ മാഷിൻ്റെ ഭാര്യ."


സ്വരം കേട്ടതും സോഫയിൽ നിന്നും ബഹുമാനത്തോടെ ചാടി എഴുന്നേറ്റു. "പറയൂ ടീച്ചർ..."


"ഒരാളുടെ മരണം ഏകാകിയായ സങ്കീർണതകൾ അടങ്ങുന്ന മനോനിലങ്ങൾ സമ്മാനിക്കുന്നു.അദ്ദേഹത്തിന്റെ മരണത്തോട് പൊരുത്തപ്പെട്ടു ജീവിക്കാൻ മല്ലിടുന്ന ഒരാളാണ് ഞാൻ. കുടുംബക്കാരുടെ അനുവാദം ഇല്ലാതെ ഫോട്ടോ പത്രത്തിൽ കൊടുത്തത് മഹത്തായ ഒരു പ്രവൃത്തിയായി എനിക്ക് ബോധിച്ചില്ല. അദ്ദേഹം നിങ്ങൾക്ക് വേണ്ടപ്പെട്ട ആളായിരിയ്ക്കാം. പക്ഷെ എന്നെക്കാളും അദ്ദേഹത്തെ മറ്റാരും ഇതുവരെ സ്നേഹിച്ചിട്ടില്ല, അദ്ദേഹത്തിന്റെ മേലുള്ള അവകാശ വാദമായിട്ട് തന്നെ കൂട്ടിക്കോളൂ."


അന്തംവിട്ടു വാപൊളിച്ച് നിർമ്മൽ അത് കേട്ടുനിന്നു. തിരിച്ചെന്ത് മറുപടി പറയണമെന്നറിയാതെ അവിടെ പകച്ച് നിന്നു.


പറഞ്ഞത് കൂടിപ്പോയി എന്ന തിരിച്ചറിവോടെ നനവാർന്ന ആ കണ്ണുകൾ തുടച്ച് ശാരദ ടീച്ചർ അടുക്കളയിലേക്ക് നടന്നു, സിങ്കിൽ കുതിച്ചു കൂടിയ പാത്രങ്ങൾ ശബ്ദമുണ്ടാക്കി കഴുകി. 


മുറ്റം അടിച്ചു പിന്നാമ്പുറം കഴുകുന്ന കുഞ്ചി ഈ അപശബ്ദങ്ങൾ കേട്ടെങ്കിലും കാര്യം പിടികിട്ടിയ പോലെ തൻ്റെ പണിയിലേക്ക് ശ്രദ്ധ തിരിച്ചു.


എന്ത് ചെയ്യണം എങ്ങനെ പ്രതികരിക്കണം എന്നറിയാതെ നിർമ്മൽ പകച്ചു നിന്നു. ടിവിയിലെ പെപെ പിഗ് കാർട്ടൂണിന്റെ ശബ്ദവും, അടുക്കളയിൽ നിന്നും ഉത്ഭവിക്കുന്ന മിക്സിയുടെ ശബ്ദവും അസനീയമായി തോന്നിയ നിർമ്മൽ കാറിന്റെ താക്കോലെടുത്ത് ദേഷ്യത്തോടെ പുറത്തിറങ്ങി.


അല്ലെങ്കിലും ദേഷ്യവും ഡ്രൈവിങ്ങിനും തമ്മിൽ നല്ല ബന്ധമാണല്ലോ. ഭൂതവർത്തമാന ഓർമ്മകളെ ചക്രമോടിക്കുന്നത് ഒരുതരം ഭ്രമമാണല്ലോ. ഓടിയിറങ്ങി ഓടിക്കയറി കാറിന്റെ വാതിൽ അടച്ചു. ധിക്കാരപൂർവ്വമായുള്ള ആ ഡ്രൈവിങ്ങിന് നല്ലൊരു ശാസന പോലെ ട്രാഫിക് ലൈറ്റിൽ വന്നുപെട്ടു. ഗ്രീൻ ലൈറ്റ് വരാനുള്ള കാത്തിരിപ്പ് മനസിനെയും എന്ന് തന്നെ പറയാം. കാർ സ്റ്റാർട്ട് ചെയ്യുന്നതിന് മുമ്പ് പിൻ  സീറ്റിൽ അടുക്കി വച്ചിരിക്കുന്ന പുതിയ പാക്കിൽ നിന്നും ഒരു പുസ്തകമെടുത്തു മുൻ സീറ്റിൽ വച്ചു. ഒരു സഹയാത്രികൻ എന്ന ഗമയിൽ ആ പുസ്തകം അവിടങ്ങനെ ചമഞ്ഞിരുന്നു. നിർമ്മൽ ആ പുസ്തകം  നോക്കി. അക്ഷരാർത്ഥത്തിൽ ആ പുസ്തകം തന്നെയാണ് നിർമ്മലിന്റെ ആദ്യ സന്തതി. തൻ്റെ ഈ പുസ്തകം അച്ചടിച്ച് കാണാൻ ഏറെ ആഗ്രഹിച്ച ആളുടെ വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുക്കാതെ തന്നെ അറിയാമെന്ന മട്ടിൽ വണ്ടി പുറപ്പെട്ടു. 


പണം എണ്ണുന്നതിലും ലോൺ പേപ്പറുമായി വന്ന അപേക്ഷ കണ്ണുൾക്കുമിടയിൽ തന്നെ എഴുത്തിലേക്കും എഴുത്തുകാരിലേക്കും വഴിതിരിച്ചു വിട്ടത് ആ മാഷായിരുന്നു. ടീച്ചറുടേതെന്ന് മാത്രം വിശേഷിപ്പിച്ച ഉണ്ണികൃഷ്ണൻ മാഷ്. തന്നെ സൂക്ഷ്മമായി സ്പർശിച്ച തൻ്റെ ഉള്ളിലെ എഴുത്തുകാരന് വളം വെച്ച ആ മാഷിന് തനിക്കു കൊടുക്കാൻ ഈ വാക്കുകൾ മാത്രം.


ടീച്ചറെ കാണാനോ സംസാരിക്കാനോ നിൽക്കാൻ നിർമലിനു തോന്നിയില്ല. ആ ഉമ്മറപ്പടിയിൽ മേശക്കടിയിലെ  പൂച്ചക്കുട്ടിയും, പേപ്പർ കഷ്ണങ്ങളും അടങ്ങിയ തുകൽ ചട്ടയുള്ള ആ പുസ്തകം വച്ചിട്ട് നിർമ്മൽ മടങ്ങി.


"മാഷിന്"


ആ പടിയിറങ്ങിയപ്പോൾ നിർമ്മൽ പുതിയൊരു കഥാബീജത്തിന്റെ ഉടമയായി മാറിക്കഴിഞ്ഞിരുന്നു. നിസ്വാർത്ഥ സ്നേഹത്തിന്റെ ഉടമയായ തന്നെ വിസ്മയിപ്പിച്ച സ്പർശിച്ച ടീച്ചറെ കുറിച്ചാവാം....

Comments

Popular posts from this blog

Also, hope.